Dream

6/7/2026|By skyblue

മുന്നിൽ സത്യങ്ങൾ ഉണ്ടായിരുന്നു... അതിലേറെയും കളവുകളും. പക്ഷേ കളവുകളെ തിരിച്ചറിയാനുള്ള കാഴ്ച ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോൾ സത്യം മറയ്ക്കുന്നത് ഇരുട്ടല്ല, കണ്ണിലെ തിമിരമായിരിക്കാം. ആ സംശയമാണ് പാതിരാത്രിയിൽ ഒരു ക്ലിനിക്കിന്റെ വാതിൽ തേടിയെത്തിച്ചത്. നഗരം മുഴുവൻ ഉറക്കത്തിലേക്ക് കണ്ണടച്ച സമയമായിരുന്നു അത്. തെരുവുവിളക്കുകളുടെ മഞ്ഞ വെളിച്ചം പോലും അന്ന് അസ്വാഭാവികമായി തോന്നി. ഈ കണ്ണുകൾക്ക് കാഴ്ച കുറവുണ്ടെന്ന് ഉറ്റവർ പറഞ്ഞത് കൊണ്ടുമാത്രം അവിടെ എത്തിയതായിരുന്നു. എന്നാൽ ഉള്ളിൽ ഒരു വിചിത്രമായ ചിരിയുണ്ടായിരുന്നു. "എല്ലാം വ്യക്തമായി കാണുന്നുണ്ട്..." അത് ആരോടു പറഞ്ഞാലും അവർ വിശ്വസിക്കില്ലെന്ന് അറിയാം. ജീവിതം പലപ്പോഴും സത്യത്തേക്കാൾ അധികം മറ്റുള്ളവരുടെ സർട്ടിഫിക്കറ്റുകളെയാണ് വിശ്വസിക്കുന്നത്. ഉൾകാഴ്ച മങ്ങിയിരിക്കുകയാണെന്ന് മറ്റൊരാൾ പറഞ്ഞപ്പോൾ, അതു പരിശോധിക്കാൻ ഓടിപ്പോയ ഒരാളായിരുന്നു ഞാൻ. ക്ലിനിക്കിനുള്ളിൽ അസ്വാഭാവികമായ ഒരു വെളിച്ചമുണ്ടായിരുന്നു. ഭിത്തികളിൽ നിഴലുകൾ ഇല്ലായിരുന്നു. അവിടെ വന്നത് തിമിര ശസ്ത്രക്രിയയ്ക്കായാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഡോക്ടർ എന്നെ കണ്ട നിമിഷം പറഞ്ഞു: "ശസ്ത്രക്രിയയ്ക്ക് തയ്യാറാകൂ." ഞാൻ അമ്പരന്നു. "പരിശോധന പോലും നടത്തിയിട്ടില്ലല്ലോ ഡോക്ടറെ...?" അദ്ദേഹം ശാന്തമായി ചിരിച്ചു. "ചില തിമിരങ്ങൾ പരിശോധനയിൽ കാണില്ല..." ആ വാക്കുകൾ ഹൃദയത്തിനുള്ളിലൂടെ ഒരു തണുത്ത കാറ്റുപോലെ കടന്നുപോയി. അപ്പോഴായിരുന്നു ചിലർ ക്ലിനിക്കിലേക്ക് കടന്നുവന്നത്. അവർ നേരെ ഡോക്ടറുടെ മുറിയിലേക്ക് കയറി. വാതിൽ പൂർണ്ണമായി അടയുന്നതിന് മുമ്പ് ഡോക്ടർ എന്നെ നോക്കി പറഞ്ഞു: "കുറച്ച് നേരം പുറത്തിരിക്കുക..." ഞാൻ പുറത്തിരുന്നു. അകത്തുനിന്ന് പതിഞ്ഞ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. വാക്കുകൾ വ്യക്തമല്ല. പക്ഷേ ഓരോ ശബ്ദത്തിനും പിന്നിൽ ഒരു രഹസ്യത്തിന്റെ ഭാരം ഉണ്ടായിരുന്നു. എന്തോ തീരുമാനിക്കപ്പെടുന്നു. ആരുടെയോ കാഴ്ചയെക്കുറിച്ച്. അല്ലെങ്കിൽ ആരുടെയോ അന്ധതയെക്കുറിച്ച്. സമയം നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഒരു ചിന്ത മനസ്സിലേക്ക് കയറി വന്നു. ഈ ശസ്ത്രക്രിയ കണ്ണിനുവേണ്ടിയാണോ? അതോ വർഷങ്ങളായി സത്യമായി വിശ്വസിച്ചിരുന്ന കളവുകളെ നീക്കം ചെയ്യാനാണോ? കാരണം ചില തിമിരങ്ങൾ കണ്ണിലല്ല രൂപപ്പെടുന്നത്. വിശ്വാസങ്ങളിൽ. സ്നേഹങ്ങളിൽ. ഓർമ്മകളിൽ. ഒരിക്കലും തെറ്റില്ലെന്ന് ഉറപ്പിച്ചു പിടിച്ചിരിക്കുന്ന ധാരണകളിൽ. ഒരുപക്ഷേ... ആ മുറിക്കുള്ളിൽ തീരുമാനിക്കപ്പെടുന്നത് കാഴ്ചയുടെ വിധിയല്ല. ഇതുവരെ കണ്ട ലോകത്തിന്റെ വിധിയായിരിക്കാം. കണ്ണുകൾ തുറക്കുമ്പോൾ ലോകം അതേപോലെ തന്നെയായിരിക്കുമോ? അറിയില്ല.? പതിയെ കണ്ണുകൾ അടച്ചു. അപ്പോൾ രാത്രിയുടെ അപരിചിതമായ നിശ്ശബ്ദത എന്നെ മറ്റൊരു ലോകത്തിന്റെ കവാടത്തിലെത്തിച്ചു. ഒരു വിചിത്രമായ മൃഗഫാം. അകത്തേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് സാധാരണ മൃഗങ്ങളെയായിരുന്നു. പശുക്കൾ, ആടുകൾ, കുതിരകൾ... എല്ലാം സ്വാഭാവികം. പക്ഷേ കൂടുതൽ അകത്തേക്ക് ചെന്നപ്പോൾ സ്വാഭാവികത പതിയെ അപ്രത്യക്ഷമായി. അവിടെയുണ്ടായിരുന്ന ചില ഒട്ടകങ്ങൾ മാംസഭോജികളായിരുന്നു. അവയുടെ കണ്ണുകളിൽ മരുഭൂമിയുടെ നിശ്ശബ്ദതയല്ല, വേട്ടക്കാരന്റെ വിശപ്പായിരുന്നു. അതിന് അപ്പുറം, ഒരു പുസ്തകത്തിലും ഞാൻ കണ്ടിട്ടില്ലാത്ത രൂപങ്ങളുള്ള ഭീകര ജീവികൾ ഇരുണ്ട കൂടുകൾക്കുള്ളിൽ നിന്ന് എന്നെ നോക്കി. അവയുടെ കണ്ണുകൾ മാത്രം ജീവിച്ചിരുന്നു.ബാക്കി വിശപ്പ് മാത്രം.. ഫാമിന്റെ ഉടമ എന്റെയൊപ്പം ഉണ്ടായിരുന്നു. അയാൾക്ക് ആ ജീവികളെയൊന്നും ഭയമില്ലായിരുന്നു. ഓരോന്നിനെയും ചൂണ്ടിക്കാട്ടി അവയുടെ പ്രത്യേകതകൾ വിശദീകരിച്ചു. അവന്റെ ശബ്ദത്തിൽ അഭിമാനമുണ്ടായിരുന്നു. എന്നാൽ എനിക്കോ, ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ഒരു അദൃശ്യ ഭയം നെഞ്ചിനുള്ളിൽ വളരുകയായിരുന്നു. അവിടെനിന്ന് എങ്ങനെ പുറത്തുവന്നുവെന്ന് ഓർമ്മയില്ല. പക്ഷേ ഉണർന്നപ്പോൾ ഒരു വിചിത്രമായ ബോധ്യം മാത്രം ബാക്കിയായിരുന്നു. ക്ലിനിക്കിലെ ശസ്ത്രക്രിയയും... അടഞ്ഞ വാതിലുകൾക്കപ്പുറത്തെ രഹസ്യസംഭാഷണങ്ങളും... മാംസഭോജി ഒട്ടകങ്ങളും... ഭീകര ജീവികളാൽ നിറഞ്ഞ ഫാമും... എല്ലാം ഒരേ സത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളായിരുന്നു. കാരണം കാഴ്ച തെളിയുമ്പോൾ ലോകം മാറുന്നില്ല. മാറുന്നത് കാണുന്ന മുഖങ്ങളാണ്. ചില മുഖങ്ങൾ മനുഷ്യരുടേതായിരിക്കും. പക്ഷേ അവയുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നത് മൃഗങ്ങളായിരിക്കാം. അപ്പോൾ മനസ്സിലാകും— ഈ ലോകത്ത് ഏറ്റവും വലിയ വേഷം മനുഷ്യന്റേതാണ്. ബാക്കി എല്ലാം താൽക്കാലിക രൂപങ്ങളും..

See something concerning?

Report dreams that may violate our public sharing rules.

Review our Community Guidelines for details on what can appear publicly on the site.